തുറന്നുപിടിച്ചിരിക്കുകയൊന്നുമില്ല
ഒരു വസന്തത്തെയങ്ങനെയൊന്നും.
ഒരു പൂമണം പോലും അഴിച്ചിടില്ല.
ഒരില പോലും പൊഴിക്കാതെ
ഒരു പൂക്കാലത്തെയാകമാനം അണച്ചുപിടിച്ച്.
നെഞ്ചിലെയിടറുന്നൊരു കാലടിയൊച്ച മതിയാവും
പുമ്പൊടിയുടെ പ്രാർത്ഥനയുടെ
ഇടിമുഴക്കങ്ങൾക്ക്.

- ജയദേവ് നായനാര്‍

ഏതോ റഫ് ബുക്കിന്റെ അവസാന താളിലും,
അവസാനത്തെ വരിയിലെ ഡസ്ക്കിലും.
ഹൃദയ ചിഹ്നങ്ങൾക്കിരുവശത്തായി,
ഇപ്പോഴുമുണ്ട് നീയും ഞാനും.!

-വിനീത് വിനോദ്.

ഗാഢം പുണര്‍ന്നുറങ്ങാന്‍ ഞാന്‍ കൊതിച്ചു വരുന്നത് നിന്റെ തെരുവിലേക്കാണ്.
നിയോണ്‍ പ്രകാശത്തിന്‍റെ എണ്ണച്ചായം നിറമുള്ള വഴിയുടെ അങ്ങേയറ്റത്തെ നിന്റെ രാക്കൂട്ടിലേക്ക്.
നക്ഷത്രാങ്കിതമായ ആ പട്ടുപുതപ്പിനു കീഴെ, മുന്തിരിവള്ളി പോലെ നീയെന്നെ, ഞാന്‍ നിന്നെയും.

#സ്വയംകൃതം.

അവളൊരു ചെമ്പകപ്പൂവ്. അവനൊരു ചിത്രശലഭവും. തേനെത്രയുണ്ടാലും മതിയാവാത്തൊരു ശലഭം. അവള്‍ക്കോ, എത്ര ചുരത്തിയാലും വറ്റാത്ത തേനറകളും.

#സ്വയംകൃതം.

ആദി കേശവന്‍റെ പുല്ലാങ്കുഴലില്‍ ഒരു വിഷാദരാഗം ബാക്കിയുണ്ട്.
യമുനയില്‍ പതിയെ അത് അലയടിക്കുന്നുമുണ്ട്.
മറ്റൊരു ജന്‍മത്തില്‍ ഒരു പ്രണയസുരഭിലകാലത്ത് ശ്രീരാധയ്ക്കായി ഉതിര്‍ന്നൊഴിഞ്ഞത്.!

-കാട്ടുകുറിഞ്ഞി.

പേരറിയാപ്പൂവിന്‍ സുഗന്ധം.
കണ്ണടച്ചുതുറന്നപ്പോ ചുറ്റും വസന്തം.
-ചാരെ നീ.

~സോയ.

പൂ വിരിയുന്നതു കാണാന്‍ ആകാംക്ഷയോടെ നോക്കിയിരുന്ന ഒരു മണ്ടന്‍കുട്ടിയെ ഓര്‍മവരുന്നു.
ആ നിമിഷത്തില്‍ , ആരോ ഒരാള്‍ വന്ന് അവന്‍റെ കണ്ണുപൊത്തിക്കളഞ്ഞു.!

-വിനോദ് നായര്‍ . പേനാക്കത്തി.

ഇപ്പോള്‍ ,അകലെയെവിടെയോ നിന്ന് ജലം തല്ലുന്ന സ്വരം.വെറ്റില കീറുന്ന മണം.പൂവമര്‍ന്ന ചികുരഭാരത്തിന്‍റെ നിഴല്‍ .പകല്‍ വാണ പ്രഭുവിനും രാവ് വാഴുന്ന പ്രഭുവിനും ഒരേ നമസ്കാരം.

ഈ രാത്രി, ആരോ ഒരാള്‍ ഉറങ്ങാതിരിക്കുന്നു.

#ധനുമാസതിരുവാതിര
സുസ്മേഷ് ചന്ദ്രോത്ത്.

ഇനിയെന്റെ വാകകൾ പൂക്കൾ ചുരത്തും.വഴിക്കിരുവശവും നിന്ന് നിന്റെ കാൽപ്പെരുമാറ്റം കേൾക്കും.നീയടുത്തെത്തുമ്പോൾ മെല്ലെ, കൊഴിഞ്ഞൊഴിയും.
-സോയ. fb status.

ഇനിയെന്റെ വാകകൾ പൂക്കൾ ചുരത്തും.
വഴിക്കിരുവശവും നിന്ന് നിന്റെ കാൽപ്പെരുമാറ്റം കേൾക്കും.
നീയടുത്തെത്തുമ്പോൾ മെല്ലെ, കൊഴിഞ്ഞൊഴിയും.

-സോയ. fb status.

മഷിമണവും പുസ്തകമണവും
ചോക്കുമണവുമൊക്കെ
ഇടചേര്‍ന്നു പോവുന്നൊരു പള്ളിക്കൂടമുറ്റത്ത്‌.
വേനല്‍മഴയില്‍
തീനിറമുള്ള പൂക്കള്‍
കുലകളായും ഇതളുകളായും പൊഴിക്കുന്ന
അനേകശാഖിയായൊരു വാകച്ചോട്ടില്‍ ,

അതിരില്ലാക്കിനാക്കാലത്തിന്‍റെ
ഓര്‍മമഴമറവിലെങ്ങോ
നിഴല്‍നിറത്തിലൊരു പെണ്ണുണ്ട്.

അന്തിയാകാശത്തിന്‍റെ അല്ലിയിളംചോപ്പിലലിയുന്നൊരു സിന്ദൂരി.

#സ്വയംകൃതം.